
ന്യൂഡൽഹി:മുൻകരുതൽ തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ ഭരണഘടനാപരമായ അവകാശങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും പാലിക്കപ്പെടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തടങ്കലിൽ വയ്ക്കുന്ന അധികാരിക്ക് (Detaining Authority) മുന്നിൽത്തന്നെ തടവുകാരന് സ്വന്തം ഭാഗം വിശദീകരിച്ച് നിവേദനം/പ്രതിനിധാനം സമർപ്പിക്കാനുള്ള (Right to Representation) അവകാശമുണ്ടെന്ന കാര്യം അധികാരി തന്നെ വ്യക്തമായി അറിയിച്ചിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ തടങ്കൽ ഉത്തരവ് റദ്ദാകുമെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
1988-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (PIT NDPS) ആക്ട് പ്രകാരം തടങ്കലിലാക്കപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
സംസ്ഥാന സർക്കാരിനും അഡ്വൈസറി ബോർഡിനും കേന്ദ്ര സർക്കാരിനും നിവേദനം നൽകാമെന്ന് പ്രതിയോട് പറഞ്ഞിരുന്നെങ്കിലും, തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥന് മുന്നിൽത്തന്നെ നിവേദനം നൽകാൻ അവകാശമുണ്ടെന്ന കാര്യം തടവുകാരനെ അറിയിച്ചിരുന്നില്ല. എന്നാൽ പ്രതി സ്വന്തം നിലയിൽ ഈ അധികാരിക്ക് നിവേദനം അയച്ചിരുന്നു. പ്രതിക്ക് കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു എന്നതുകൊണ്ട് ഭരണഘടനാപരമായ ഈ വീഴ്ച ഇല്ലാതാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആർട്ടിക്കിൾ 22(5) പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കാൻ അധികാരികൾ തന്നെ ഈ അവകാശത്തെക്കുറിച്ച് പ്രതിയെ വ്യക്തമായി ധരിപ്പിക്കണം. തടവുകാരൻ സ്വന്തം നിലയിൽ ഇതറിഞ്ഞു എന്നുള്ളത് അധികാരിയുടെ ഉത്തരവാദിത്തത്തിന് പകരമാകില്ല.
കേരള ഹൈക്കോടതി തടങ്കൽ ഉത്തരവ് ശരിവെച്ചതിനെ തുടർന്ന് തടവുകാരന്റെ ഭാര്യ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. 'കമലേഷ് കുമാർ ഈശ്വർദാസ് പട്ടേൽ വി. യൂണിയൻ ഓഫ് ഇന്ത്യ (1995)' കേസ് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി ഉത്തരവ്.
സാധാരണ ക്രിമിനൽ നടപടികളിൽ നിന്ന് വ്യത്യസ്തമായി വിചാരണ കൂടാതെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒന്നാണ് മുൻകരുതൽ തടങ്കൽ. അതിനാൽ ഭരണഘടന ഉറപ്പുനൽകുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.











